Latest Updates

ആരോഗ്യകരമായ ഭക്ഷണക്രമത്തിന്‍റെ ഭാഗമാണ് ഇന്ന് പോഷകാംശം നിറഞ്ഞ വിത്തുകള്‍. ചിയവിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍, ഫ്ളാക്സ് സീഡുകള്‍ എന്നിങ്ങനെ ദിവസവും കഴിക്കാവുന്ന നിരവധി വിത്തിനങ്ങളുണ്ട്. എന്നാല്‍ എല്ലാ വിത്തുകളും ഇത് പോലെ പോഷകസന്പുഷ്ടമാകണമെന്നില്ല. കഴിച്ചാല്‍ മരണം വരെ സംഭവിക്കാവുന്ന വിഷാംശം നിറഞ്ഞ വിത്തുകളും നിരവധിയുണ്ട്. ആരോഗ്യത്തിന് ഹാനികരമായ ചില പഴ വിത്തുകള്‍ പരിചയപ്പെടാം.

1. ആപ്പിളിന്‍റെ കുരു

അമിഗ്ഡാലിന്‍ എന്ന വസ്തു അടങ്ങിയിട്ടുള്ള ആപ്പിള്‍ കുരു അത്യന്തം വിഷമയമായ ഒന്നാണ്. ഈ വിത്തുകള്‍ ശരീരത്തിന് ഉള്ളിലെത്തിയാല്‍ ഇവ ഹൈഡ്രജന്‍ സയനൈഡ് എന്ന രാസവസ്തു പുറത്ത് വിടും. ഇതാണ് മരണത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ ചെറിയ തോതില്‍ ആപ്പിള്‍ കുരുക്കള്‍ ഉള്ളില്‍ ചെന്നാല്‍ ഇത് സംഭവിക്കില്ല. ഒരു കിലോഗ്രാം ഭാരത്തിന് 1.52 മില്ലിഗ്രാം എന്ന കണക്കില്‍ ഹൈഡ്രജന്‍ സയനൈഡ് ഉള്ളിലെത്തിയാല്‍ മാത്രമേ മരണം സംഭവിക്കുകയുള്ളൂ. 

2. ലിച്ചി കുരു

ലിച്ചി പഴം കഴിക്കാനൊക്കെ നല്ല രുചിയായിരിക്കും. എന്നാല്‍ ലിച്ചിയുടെ കുരു തിന്നാല്‍ കളി മാറും. മനുഷ്യശരീരത്തിന് അപകടകരമായ നാച്ചുറല്‍ ടോക്സിനുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോതിനെ കാര്യമായി ബാധിക്കാനും തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടാക്കാനും കഴിയുന്ന ഒരു തരം അമിനോ ആസിഡും ലിച്ചി കുരുവില്‍ അടങ്ങിയിരിക്കുന്നതായി പല പഠനങ്ങളും വെളിപ്പെടുത്തുന്നു. 

3. വന്‍പയര്‍ പച്ചയ്ക്ക് 

ഫൈറ്റോഹെമഗ്ലൂട്ടിനിന്‍ എന്ന രാസവസ്തു അടങ്ങിയ വന്‍പയര്‍ പാകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. രക്തകോശങ്ങള്‍ ഒട്ടിച്ചേരാന്‍ ഈ രാസവസ്തു കാരണമാകാം. ശരിയായി പാകം ചെയ്യാതെ വന്‍ പയര്‍ കഴിക്കുന്നത് അതിസാരത്തിലേക്കും നയിക്കാം. 

4. തക്കാളി വിത്ത്

തക്കാളിയിലെ കുരു കഴിക്കുന്നത് വൃക്കയില്‍ കല്ലുകളുണ്ടാകാന്‍ കാരണമാകാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. തക്കാളി കുരുവില്‍ അടങ്ങിയിരിക്കുന്ന ഓക്സലേറ്റാണ് ഇവിടെ വില്ലനാകുന്നത്. എല്ലാ ദിവസവും വലിയ തോതില്‍ തക്കാളി കുരു അകത്ത് ചെന്നാല്‍ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ. ഇവയ്ക്ക് പുറമേ ആപ്രിക്കോട്ട്, പ്ലം, ചെറിപഴം, പീച്ച് എന്നിവയുടെ കുരുക്കളും  വിഷമയമാണ്.

Get Newsletter

Advertisement

PREVIOUS Choice